ചോദ്യോത്തരങ്ങളിലേക്ക് മടങ്ങുക (Back to Q&A)

Malayalam Pusthakangal

Verified Official Response

ലൈംഗികാരോഗ്യം 69
Cover
ലൈംഗികബന്ധത്തിൽ ആസ്വാദനത്തേക്കാൾ കൂടുതൽ നിങ്ങൾ ശ്രദ്ധിക്കുന്നത് സ്വന്തം ശരീരത്തെയും പ്രകടനത്തെയുമാണോ?
Read


പങ്കാളിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിൽ യഥാർഥത്തിൽ നമ്മൾ എന്താണ് ചിന്തിക്കുന്നത്? പരസ്പരം ആസ്വദിക്കുകയാണോ, അതോ പങ്കാളിയുടെ മുന്നിൽ നമ്മൾ എത്രത്തോളം ആകർഷകരും മികച്ചവരുമായി തോന്നുന്നു എന്ന് നിരന്തരം വിലയിരുത്തുകയാണോ?


ലൈംഗികബന്ധം എന്നത് ശാരീരികമായ ആനന്ദം മാത്രമല്ല. വൈകാരികമായ അടുപ്പവും സ്നേഹവും പരസ്പരസ്വീകാര്യതയും അനുഭവിക്കാനുള്ള ഒരു അവസരം കൂടിയാണ്. എന്നാൽ പലപ്പോഴും ഈ നിമിഷങ്ങളിൽ നമ്മൾ ശ്രദ്ധിക്കുന്നത് ആസ്വാദനത്തിലല്ല, മറിച്ച് നമ്മളെക്കുറിച്ചുള്ള ആശങ്കകളിലായിരിക്കും.

വയറു കൂടിയിട്ടുണ്ടോ? ശരീരഭംഗി കുറഞ്ഞോ? സ്തനങ്ങളുടെ ആകൃതി മാറിയോ? ശരീരത്തിൽ പ്രായത്തിന്റെ മാറ്റങ്ങൾ പ്രകടമാണോ? പങ്കാളിക്ക് നമ്മുടെ ശരീരത്തോട് ഇപ്പോഴും ആകർഷണമുണ്ടാകുമോ? ശരീരത്തിൽനിന്ന് അസുഖകരമായ ഗന്ധമുണ്ടാകുമോ?

പുരുഷന്മാരുടെ കാര്യത്തിലും ഇത്തരം ആശങ്കകൾ വ്യത്യസ്ത രൂപങ്ങളിൽ പ്രത്യക്ഷപ്പെടാം. ഉദ്ധാരണം നിലനിർത്താൻ കഴിയുമോ? പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയുമോ? വളരെ വേഗത്തിൽ സ്ഖലനം സംഭവിക്കുമോ? പങ്കാളിക്ക് ലൈംഗികബന്ധം ആസ്വദിക്കാൻ കഴിയുന്നുണ്ടോ?

ഇത്തരം ചിന്തകൾ സ്വാഭാവികമായി ഉണ്ടാകാമെങ്കിലും, അവ നിരന്തരം മനസ്സിൽ നിറയുമ്പോൾ ലൈംഗികാനുഭവത്തിന്റെ ആസ്വാദനത്തെ ബാധിക്കാം.

ലൈംഗികബന്ധത്തിലൂടെ നമ്മൾ തേടുന്നത് ശാരീരിക സുഖം മാത്രമല്ല!

ലൈംഗികതയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകൾ പലപ്പോഴും ശരീരത്തിന്റെയും ആനന്ദത്തിന്റെയും അതിരുകൾ കടക്കുന്നതാണ്. ലൈംഗികബന്ധത്തിലൂടെ ചിലർ അറിയാതെ തന്നെ മറ്റു ചില വൈകാരിക ആവശ്യങ്ങളും നിറവേറ്റാൻ ശ്രമിക്കുന്നു.

ഉദാഹരണത്തിന്:


  • ആകർഷകത്വത്തെക്കുറിച്ചുള്ള ഉറപ്പ്: പങ്കാളിക്ക് ഇപ്പോഴും നമ്മളോട് ശാരീരികമായ ആകർഷണമുണ്ടെന്ന് അറിയാനുള്ള ആഗ്രഹം.


  • ലൈംഗികശേഷിയെക്കുറിച്ചുള്ള ആത്മവിശ്വാസം: പങ്കാളിയെ സന്തോഷിപ്പിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ആവശ്യം.


  • സ്ത്രീത്വത്തിന്റെയോ പുരുഷത്വത്തിന്റെയോ അംഗീകാരം: ലൈംഗികപ്രകടനത്തിലൂടെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ഉറപ്പു നേടാനുള്ള ശ്രമം.


  • സാധാരണക്കാരനാണെന്ന തോന്നൽ: മറ്റുള്ളവരെപ്പോലെ തനിക്കും ലൈംഗികമായി എല്ലാം ശരിയാണെന്ന് വിശ്വസിക്കാനുള്ള ആഗ്രഹം.


  • പ്രകടനത്തെക്കുറിച്ചുള്ള ഉത്കണ്ഠയിൽനിന്നുള്ള മോചനം: പങ്കാളിയെ നിരാശപ്പെടുത്തില്ലെന്ന ഉറപ്പ് ലഭിക്കാനുള്ള ആഗ്രഹം.


ഇവയെല്ലാം മനുഷ്യരുടെ സ്വാഭാവികമായ വൈകാരിക ആവശ്യങ്ങളാണ്. എന്നാൽ ഈ ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്രധാന മാർഗമായി ലൈംഗികപ്രകടനത്തെ മാത്രം ആശ്രയിക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.


മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സമ്മർദം ആസ്വാദനത്തെ ഇല്ലാതാക്കുമ്പോൾ


ഒരു പുരുഷൻ തന്റെ ഉദ്ധാരണം എത്രനേരം നിലനിൽക്കുന്നു എന്നതിനെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നുവെന്ന് കരുതുക. പങ്കാളിക്ക് തൃപ്തിയാകുന്നതുവരെ ഉദ്ധാരണം നിലനിർത്തണം എന്ന സമ്മർദം അയാൾക്ക് അനുഭവപ്പെടാം.

അതുപോലെ, ഒരു സ്ത്രീക്ക് രതിമൂർച്ഛ ലഭിച്ചില്ലെങ്കിൽ പങ്കാളി നിരാശപ്പെടുമോ എന്ന ആശങ്കയുണ്ടാകാം. അതുകൊണ്ട് സ്വന്തം ശരീരത്തിന്റെ അനുഭവങ്ങൾ ആസ്വദിക്കുന്നതിനുപകരം പങ്കാളിയുടെ പ്രതികരണങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കാം.


ഇത്തരം സാഹചര്യങ്ങളിൽ ഇരുവരും ശാരീരികമായി അടുത്തിരിക്കുമ്പോഴും മാനസികമായി സ്വന്തം പ്രകടനത്തെ വിലയിരുത്തുന്ന തിരക്കിലായിരിക്കും.

ലൈംഗികത ഒരു പരീക്ഷയായി മാറുന്നു. വിജയിച്ചോ പരാജയപ്പെട്ടോ എന്ന ചിന്ത ആസ്വാദനത്തെ പിന്നിലാക്കുന്നു.


എന്നാൽ ഉദ്ധാരണം, യോനിയിലെ സ്വാഭാവിക നനവ്, രതിമൂർച്ഛ എന്നിവയെല്ലാം ലൈംഗികാനുഭവത്തിലെ ഘടകങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒരു കാര്യം പ്രതീക്ഷിച്ച രീതിയിൽ സംഭവിച്ചില്ല എന്നതുകൊണ്ട് മാത്രം ആ ലൈംഗികാനുഭവം പരാജയമാണെന്ന് പറയാനാവില്ല.


പങ്കാളിയിൽനിന്ന് നിരന്തരം അംഗീകാരം തേടുന്നത്


ചിലർ ലൈംഗികബന്ധത്തിനുശേഷം പങ്കാളിയോട് ആവർത്തിച്ച് ചില ചോദ്യങ്ങൾ ചോദിക്കാറുണ്ട്.


"നിനക്ക് ഇഷ്ടമായോ?"


"നിനക്ക് ശരിക്കും സംതൃപ്തി ലഭിച്ചോ?"


"ഞാൻ നന്നായിരുന്നോ?"


"നിനക്ക് ഇതുവരെ ഉണ്ടായതിൽ ഏറ്റവും നല്ല അനുഭവമായിരുന്നോ?"


പങ്കാളിയുടെ സന്തോഷം അറിയാനുള്ള താൽപര്യം നല്ലതാണ്. എന്നാൽ സ്വന്തം ആത്മവിശ്വാസം നിലനിർത്തുന്നതിനായി പങ്കാളിയിൽനിന്ന് നിരന്തരം അംഗീകാരം ആവശ്യപ്പെടുന്നത് മറ്റൊരു കാര്യമാണ്.

ഉദാഹരണത്തിന്, പങ്കാളിയുടെ മുൻകാല ലൈംഗികാനുഭവങ്ങളെക്കുറിച്ച് അറിയുന്ന ഒരാൾക്ക് താനാണോ ഏറ്റവും മികച്ച പങ്കാളി എന്ന സംശയം ഉണ്ടാകാം. മുൻകാല ബന്ധങ്ങളുമായി സ്വയം താരതമ്യം ചെയ്യുകയും പങ്കാളിയിൽനിന്ന് താൻ മികച്ചവനാണെന്ന ഉറപ്പ് പ്രതീക്ഷിക്കുകയും ചെയ്യാം.


ഇത് പലപ്പോഴും സ്വന്തം അരക്ഷിതാവസ്ഥയിൽനിന്നും ഉപേക്ഷിക്കപ്പെടുമോ എന്ന ഭയത്തിൽനിന്നും ഉണ്ടാകുന്നതാണ്.

ഇത്തരം ആവശ്യങ്ങൾ തുറന്നുപറയാതെ പങ്കാളിയുടെ പ്രതികരണങ്ങളിലൂടെ മാത്രം അംഗീകാരം തേടുമ്പോൾ ബന്ധത്തിൽ അനാവശ്യമായ സമ്മർദം രൂപപ്പെടാം.


യഥാർഥത്തിൽ നമുക്ക് വേണ്ടത് എന്താണ്?


ലൈംഗികബന്ധത്തിലൂടെ സന്തോഷവും അടുപ്പവും അനുഭവിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്. എന്നാൽ അതിനൊപ്പം തന്നെ പങ്കാളിക്ക് നമ്മളെ ഇഷ്ടമാണെന്ന ഉറപ്പും നമ്മൾ ആകർഷകരാണെന്ന ബോധ്യവും സ്വന്തം ശരീരത്തിലും ലൈംഗികതയിലും ആത്മവിശ്വാസവും ആഗ്രഹിക്കുന്നു.

ഈ ആവശ്യങ്ങളെല്ലാം ലൈംഗികപ്രകടനത്തിലൂടെ മാത്രം നേടാൻ ശ്രമിക്കരുത്.

നിങ്ങളുടെ പങ്കാളി നിങ്ങളെ സ്നേഹിക്കുന്നുവെന്നോ ആകർഷകമായി കാണുന്നുവെന്നോ അറിയാൻ ഓരോ തവണയും രതിമൂർച്ഛയോ മികച്ച ലൈംഗികപ്രകടനമോ തെളിവായി ആവശ്യപ്പെടേണ്ടതില്ല.

അതുപോലെ, ശരീരത്തിൽ പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സംഭവിക്കുന്നതും ലൈംഗികശേഷിയിൽ വ്യത്യാസങ്ങൾ വരുന്നതും നിങ്ങളുടെ ആകർഷകത്വത്തെയോ വ്യക്തിമൂല്യത്തെയോ ഇല്ലാതാക്കുന്നില്ല.


പങ്കാളിയുമായി തുറന്നുപറയുക


ഇവിടെയാണ് ആശയവിനിമയത്തിന്റെ പ്രാധാന്യം.

നിങ്ങൾക്ക് ലൈംഗികബന്ധത്തിൽ കൂടുതൽ അടുപ്പം വേണമെന്നുണ്ടെങ്കിൽ അത് തുറന്നുപറയുക. പങ്കാളിയുടെ അംഗീകാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും സത്യസന്ധമായി പങ്കുവയ്ക്കുക.

"നീ എന്നെ ഇപ്പോഴും ആകർഷകനായി കാണുന്നുണ്ടെന്ന് അറിയുന്നത് എനിക്ക് സന്തോഷമാണ്."

"നമ്മൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പ്രകടനത്തെക്കുറിച്ച് ചിന്തിക്കാതെ കൂടുതൽ ആസ്വദിക്കാൻ എനിക്ക് ആഗ്രഹമുണ്ട്."

"രതിമൂർച്ഛ മാത്രം ലക്ഷ്യമാക്കാതെ നമുക്ക് പരസ്പരം കൂടുതൽ സമയം ആസ്വദിക്കാം."

ഇത്തരം സംഭാഷണങ്ങൾ പരസ്പരധാരണ വർധിപ്പിക്കാൻ സഹായിക്കും.

ലൈംഗികത ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ല. ഇരുവരും ചേർന്ന് രൂപപ്പെടുത്തുന്ന ഒരു അനുഭവമാണ്. അതിൽ എന്താണ് ഇഷ്ടം, എന്താണ് ഇഷ്ടമല്ലാത്തത്, എന്താണ് ആശങ്കപ്പെടുത്തുന്നത് എന്നെല്ലാം പങ്കുവയ്ക്കാൻ കഴിയണം.


അവസാനമായി...


ലൈംഗികബന്ധത്തിൽ നിങ്ങൾ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിനെക്കാൾ പ്രധാനമാണ് ആ നിമിഷങ്ങളിൽ നിങ്ങൾക്കും പങ്കാളിക്കും എത്രത്തോളം സന്തോഷവും അടുപ്പവും അനുഭവിക്കാൻ കഴിഞ്ഞു എന്നത്.

ശരീരത്തിന്റെ ഓരോ മാറ്റത്തെയും കുറിച്ച് ആശങ്കപ്പെടാതെയും ഓരോ പ്രതികരണത്തെയും വിജയപരാജയങ്ങളായി വിലയിരുത്താതെയും പങ്കാളിയോടൊപ്പം ആ നിമിഷത്തിൽ സന്നിഹിതരാകാൻ പഠിക്കുക.


ലൈംഗികതയിൽ നിങ്ങൾ സ്വയം തെളിയിക്കേണ്ടതില്ല. പരസ്പരം മനസ്സിലാക്കാനും ആസ്വദിക്കാനും അടുപ്പം അനുഭവിക്കാനും കഴിയുന്ന ഒരു ഇടമായി അതിനെ മാറ്റുകയാണ് പ്രധാനം.

#health #education

Related Questions

Featured Books

View All →
ചാറ്റ് ചെയ്യാം / Chat With Us